Saturday, April 11, 2020

അതിഥി തൊഴിലാളികളോടു എന്താണ് ഇത്ര വിരോധം?

എല്ലാവര്ക്കും അതിഥി തൊഴിലാളികളോടു എന്താണ് ഇത്ര വിരോധം എന്ന് മനസ്സിലാകുന്നില്ല. കൊറോണ കാലത്ത് അവര്‍ക്ക് ഭക്ഷണവും മറ്റ് സൌകര്യങ്ങളും വാരിക്കോരി കൊടുക്കുന്നത്രേ. പലരും ദുരുപയോഗം ചെയ്യുന്നതാണ് ചോദിക്കുമ്പോള്‍ അവരുടെ വിരോധത്തിനു കാരണമായി പറയുന്നത്. ദുരുപയോഗം ചെയ്യുന്നവരും ചൂഷണം ചെയ്യുന്നവരും നമുക്കിടയില്‍ ആണോ കുറവ്? അത്തരക്കാര്‍ എല്ലാവര്‍ക്കിടയിലും ഉണ്ടാകും. അതിന്‍ അവരെ പട്ടിണിക്കിടണോ?  ദുരിതാശ്വാസത്തില്‍ വരെ കയ്യിട്ടു വാരിയവര്‍ നമുക്കിടയില്‍ ഉണ്ട്. തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കണം, അത് മാനുഷിക പരിഗണനയ്ക്ക് തടസ്സമാകരുത്.

പിന്നോരാള്‍ പ്രസംഗിക്കുന്നത് കേട്ടത് ഈ അന്യ സംസ്ഥാനക്കാരെ ഒക്കെ ഇവിടെ വച്ച് തീറ്റി പോറ്റാതെ, ഇവിടെ നിന്ന് പുറത്താക്കി നമ്മുടെ പ്രവാസികളായ മലയാളികളെ തിരിച്ച് കൊണ്ട്വരണം എന്നാണ്. വിദേശത്ത് ജോലി ചെയ്യുന്ന നമ്മുടെ നാട്ടുകാരെ അവര്‍ക്ക് ആവശ്യമെങ്കില്‍ തീര്‍ച്ചയായും തിരികെ കൊണ്ട്വരാന്‍ വേണ്ടത് ചെയ്യണം. അതിന്‍ ഇവിടെ ഉള്ളവരെ പുറത്താക്കുന്നത് എന്തിന്. നമ്മുടെ സഹോദരങ്ങള്‍ പുറത്ത് പോയി ജോലി ചെയ്യുന്നത് പോലെ തന്നെ അല്ലെ അവര്‍ നമ്മുടെ നാട്ടിലും ജോലി ചെയ്യുന്നത്? ഇത് പോലെയുള്ള ഒരു സമീപനം ആണോ മറ്റ് രാജ്യക്കാരും സംസ്ഥാനക്കാരും നമ്മുടെ സഹോദരങ്ങലോടു കാണിക്കാന്‍ നാം ആഗ്രഹിക്കുന്നത്? 

നാം എന്നാണു മനുഷ്യര്‍ ആകുക? സഹജീവികളെ അന്യവല്കരിക്കൂന്നത് എനാണ് നാം നിര്‍ത്തുക? നമ്മളോടു മറ്റുള്ളവര്‍ പെരുമാറാന്‍ ആഗ്രഹിക്കുന്നത് പോലെ നമ്മള്‍ മറ്റുള്ളവരോടും പെരുമാറാന്‍ പഠിക്കണ്ടേ?