Friday, October 29, 2010

വര്‍ഗ്ഗീയ ദ്രുവീകരണം

കേരളത്തില്‍ ഇരു മുന്നണികളും 5 വര്‍ഷങ്ങള്‍ മാറി മാറി ഭരിക്കണമെന്ന് അഭിപ്രായമുള്ള ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍‍. അതിലും കൂടുതല്‍ കാലം തുടര്‍ച്ചയായി ഭരണം ഏല്‍പ്പിക്കാന്‍ പറ്റുന്ന മഹാന്മാരൊന്നും ഇരു മുന്നണികളിലും ഇല്ല എന്നത് തന്നെ ഇതിന്‍ കാരണം. ഞാന്‍ മാത്രമല്ല ഇതേ അഭിപ്രായമുള്ളവര്‍ക്ക് ഭരണം മാറ്റാന്‍ കഴിയുന്നത്രയും സംഖ്യാബലമുണ്ട് എന്ന് നാം കാലങ്ങളായി കണ്ട് വരുന്നതുമാണ്.

മുസ്ലിമായാ ഞാനും, എന്റെ ക്രിസ്ത്യനായ സുഹൃത്ത് തോമസും, ഹിന്ദുവായ സുഹൃത്ത് സുരേന്ദ്രനും
ഇതേ അഭിപ്രായക്കാരാണ്. ഇതേ അഭിപ്രായം വെച്ച് പുലറ്ത്തുന്ന വിവിധ മത വിശ്വാസികളും അല്ലാത്തവരും ആയ അനേകം സുഹൃത്തുക്കള്‍ എനിക്കുണ്ട്.  അങ്ങിനെ ഞങ്ങള്, ഭരിക്കുന്ന കക്ഷിക്കെതിരേ വോട്ട് ചെയ്താല്‍ അതിനെ വര്‍ഗ്ഗീയ ദ്രുവീകരണം എന്ന് പറയാമോ? ഞങ്ങളെ മതപരമായി കാണാതെ ഒരു പൊതുജനമായി കണ്ടുകൂടേ? പരാജയപ്പെടുന്ന കക്ഷികള്‍ പരാജയത്തിന് കാരണം വര്‍ഗ്ഗീയ ദ്രുവീകരണമാണെന്ന വിലയിരുത്തുന്നത് വോട്ട് ചെയ്യാന്‍ പോയ പൊതുജനത്തിനെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്.  കേരളത്തിലെ മഹാ ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ മത വിശ്വാസികളാണ്. അതില്‍ ഇടതിന് വോട്ട് ചെയ്യുന്നവരും, വലതിന് വോട്ട് ചെയ്യുന്നവരും രണ്ടിനും മാറി മാറി വോട്ട് ചെയ്യുന്നവരും ഉണ്ട്.

കുടുംബശ്രീ, സാക്ഷരതാ യഞ്ജം തുടങ്ങിയ ഗ്രാസ്റൂട്ട് ലെവലില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴി തെളിയിച്ച പദ്ധതികള്‍ കൊണ്ട് വന്നത് ഇടത് പക്ഷമാണ്. കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ സര്‍വ്വകലാശാല, മറ്റ് വിവിധ വിഷയങ്ങളിലെ സര്‍വകാലാശാലകള്‍, കൊച്ചിന്‍ എയര്‍പോര്‍ട്ട്, കൊച്ചി ക്രിക്കറ്റ് സ്റ്റേഡിയം തുടങ്ങിയ വിദാഭ്യാസ-അടിസ്ഥാന സൌകര്യ വികസന കാര്യങ്ങളില്‍ ധാരാളം പദ്ധതികള്‍ യു.ഡി.എഫും കൊണ്ട് വന്നിട്ടുണ്ട്. പ്ലസ് റ്റു തുടങ്ങിയവ യു.ഡി.എഫ് കൊണ്ട് വന്നപ്പോള്‍ എതിര്‍ക്കുകയും പിന്നീട് ഇടത്പക്ഷം കൊണ്ട് വരികയും ചെയത പദ്ധതികളും എക്സ്പ്രസ് ഹൈവേ, സ്മാര്‍ട് സിറ്റി എന്നിവ യു.ഡി.എഫ് കൊണ്ട് വന്നപ്പോള്‍ എതിര്‍ക്കുകയും, പിന്നീട് അധികാരത്തില്‍ വന്നപ്പോള്‍ ഇടത് പക്ഷം കൊണ്ട് വരാന്‍ ശ്രമിച്ച് പരാജയപ്പെടുകയും അങ്ങിനെ കേരളത്തിന്‍ നഷ്ടപ്പെടുകയും ചെയ്ത പദ്ധതികളും ഉണ്ട്.

വിദ്യാഭ്യാസ അടിസ്ഥാന സൌകര്യങ്ങളില്‍ യു.ഡി.എഫും സാമൂഹ്യ ക്ഷേമകാര്യങ്ങളില്‍ ഇടത് പക്ഷവും തന്നെയാണ് പൊതുവെ മെച്ചം. ധനകാര്യത്തില്‍ ഇപ്പോഴത്തെ ഇടത് പക്ഷം മെച്ചമാണ്. പക്ഷെ ആരോഗ്യം, വിദ്യാഭ്യാസം, ആഭ്യന്തരം തുടങ്ങിയ മേഖലകളില്‍ ഇപ്പോഴത്തെ ഇടത് പക്ഷം ദയനീയ പരാജയമായിരുന്നു. പ്രത്യക്ഷമായ ഒരു പുരോഗതിയും ഈ മേഖലകളില്‍ എടുത്തു പറയാനില്ല. യു.ഡി.എഫ് പൊതുവേ അഴിമതിയുടെ കാര്യത്തില്‍ അറിയപ്പെടുന്നവരാണെങ്കില്‍, ഇത്തവണ സ്വജനപക്ഷപാതവും ക്രമക്കേടുകളും ഇപ്പോഴത്തെ ഇടത് പക്ഷ സര്‍ക്കാരിന്റെയും മുഖമുദ്രയായി.

ഇത്രയും പറഞ്ഞത് ഇങ്ങിനെയൊക്കെയായിരിക്കും ഒരു സാധരണ പൊതുജനത്തിന്റെ വിലയിരുത്തല്‍. അതില്‍ ചില കാര്യങ്ങളില്‍ ഏറ്റക്കുറച്ചില്‍ കാണുമെങ്കിലും, രണ്ട് മുന്നണികളെ കുറിച്ചും ഒരു സമ്മിശ്ര വിലയിരുത്തലായിരിക്കും ഭരണം മാറ്റിമറിക്കാന്‍ ശ്കതിയുള്ള ഒരു വലിയ ചെറിയ വിഭാഗത്തിന്റെ അഭിപ്രായം. അതിനെ വര്‍ഗ്ഗീയ ദ്രുവീകരണമായി അധിക്ഷേപിക്കേണ്ടതില്ല. ഇത്തവണ പരാജപ്പെടുത്തിയെങ്കിലും കഴിഞ്ഞ തവണ തങ്ങളെ അധികാരത്തിലേറ്റിയതും അടുത്ത തവണ തങ്ങളെ തന്നെ അധികാരത്തിലേറ്റേണ്ടവരും ഇവരാണെന്ന ബോധത്തോറ്റെ ഒരു മിനിമം ബഹുമാനമെങ്കിലും ഈ പൊതു ജനത്തിന് നല്‍കുക.


പത്ത് വര്‍ഷം തുടര്‍ച്ചയായി ഭരിക്കാന്‍ തങ്ങള്‍ യോഗ്യരാണെന്ന് ഏതെങ്കിലും മുന്നണി തെളിയിക്കുന്നത് വരെ ഈ പൊതുജനം ഈ രീതി തുടര്‍ന്ന് കൊണ്ടേ ഇരിക്കും.