Monday, October 31, 2011

ഇത് അധികാര ദുര്‍വിനിയോഗം

അനേകം അഴിമതി ആരോപണങ്ങള്‍ കേരളം കണ്ടിട്ടൂണ്ട്. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അവയെല്ലാം അന്വേഷണത്തിലോ കോടതിയുടെ പരിഗണനയിലോ ആയി കിടപ്പാണ്. രാഷ്ട്രീയക്കാര്‍ ഉള്‍പെട്ട ഇത്തരം കേസുകളില്‍ ആരും ശിക്ഷിക്കപ്പെടാത്തത് ഇവിടുത്തെ നിയമവ്യവസ്ഥയില്‍ തന്നെ വിശ്വാസം നഷ്ടപ്പെടുത്തുന്ന തലത്തില്‍ എത്തിയിരിക്കുന്നു. രാഷ്ട്രീയക്കാര്‍ എന്ത് ചെയ്താലും ശിക്ഷിക്കപ്പെടില്ല എന്ന ഒരു പൊതുധാരണ ജനങ്ങളില്‍ വേരൊടിയതാണ്. 

എന്നാല്‍ ആദ്യമായി, ഒരു കേസില്‍ ഒരു പ്രമുഖനായ രാഷ്ട്രീയ നേതാവ് ശിക്ഷിക്കപ്പെട്ട് ജയിലിലാവുന്നതാണ് നാം കാണുന്നത് ബാലകൃഷണ പിള്ളയുടെ കേസിലാണ്. രണ്ട് പതിറ്റാണ്ടുകളിലധികം നീണ്ട നിയമ നടപടിക്കൊടുവില്‍ സുപ്രീം കോടതിയാണ് അദ്ധേഹത്തെ ഒരു വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചത്! പക്ഷെ പിന്നീട് നാം കാണുന്നത് രാഷ്ട്രീയ ഇടപെടല്‍ ഈ  കോടതി വിധിയെ അട്ടിമറിക്കുന്നതാണ്. രാഷ്ട്രീയക്കാര്‍ ശിക്ഷിക്കപ്പെടില്ല അവര്‍ എങ്ങിനെയും ഊരിപ്പോകും എന്ന ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുന്ന നടപടികളാണ് പിന്നീടുണ്ടായത്.

ഇപ്പോള്‍ കേരള പിറവി ദിനത്തോടനുബന്ധിച്ച് ശിക്ഷാ കാലയളവില്‍ ഇളവു നല്‍കി ഉമ്മന്‍ ചാണ്ടി യുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ അദ്ധേഹത്തെ വിട്ടയക്കുകയാണ്. അതിന്‍ അവര്‍ക്ക് റൂളുകള്‍ ഉണ്ടായിരിക്കാം. ഭരിക്കുന്ന മുന്നണിയിലെ ഒരു പാര്‍ട്ടിയുടെ നേതാവും, ഒരു മന്ത്രിയുടെ പിതാവും ആണ് അദ്ധേഹം. അങ്ങിനെയുള്ള ഒരാളെ സര്‍ക്കാര്‍ ശിക്ഷാ ഇളവ് നല്‍കി വിട്ടയുക്കുന്നതില്‍ എന്ത് ധാര്‍മികതയാണുള്ളത്! അതില്‍ എന്ത് സത്യസന്ധതയാണുള്ളത്? ഇത് വ്യക്തമായ അധികാര ദുര്‍വിനിയോഗമല്ലെങ്കില്‍ പിന്നെ എന്താണ്? ഇത് നിയമത്തിനെതിരേ ഉള്ള പരസ്യമായ വെല്ലുവിളിയാണ്. ഇതിനാണോ ജനങ്ങള്‍ വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ചത്?

രാഷ്ട്രീയക്കാര്‍ അഴിമതികേസില്‍ രാഷ്ട്രീയ നേതാവിന് വേണ്ടി പരസ്യമായി നിയമത്തെ വെല്ലുവിളിക്കുന്നത് ഇതിന് മുമ്പ് നാം കണ്ടത് ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്‍ വേണ്ടിയാണ്. പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയെ പോലും വെല്ലുവിളിച്ച് ഗവര്‍ണര്‍ക്കെതിരെ പോലും സമരം പ്രഖ്യാപിച്ചു. 

ഇതെല്ലാം കൊണ്ട്ചെന്നെത്തിക്കുന്നത എല്ലാ രാഷ്ട്രീയകരും ഒരു പോലെയാണ്, അവര്‍ എല്ലാവരും കള്ളന്മാരും അവസരവാദികളും ആണെന്ന ഒരു സാധാരണക്കാരന്റെ ധാരണ അരക്കിട്ടുറപ്പിക്കുന്നതിലും രാഷ്ട്രീയ സംവിധാനത്തിന്റെ മൊത്തം വിശ്വാ‍സ്യത നഷ്ടപ്പെടുത്തുന്നതിലുമാണ്.

Tuesday, October 25, 2011

പ്രതിപക്ഷ ലക്ഷ്യം ഭരണം മുടക്കലോ?

‘ഉമ്മന്‍ ചാണ്ടി അയച്ച രണ്ട് കത്തുകള്‍ പുറത്തായി, ഉമ്മന്‍ ചാണ്ടി അനാവശ്യ ധൃതി കാട്ടി, കോടികളുടെ അഴിമതി‘ - മാധ്യമങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ട് ആയി ബ്രേകിങ്ങ് ന്യൂസ് ആയി കൊട്ടിഘോഷിച്ച് പുറത്ത് വരുന്നു. അതിന്റെ പേരില്‍ പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കുന്നു, മുഖ്യമന്ത്രി രാജി വെക്കണമെന്ന് ആവശ്യപെടുന്നു, സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നു. സര്‍ക്കാര്‍ അടിയന്തിര പ്രമേയത്തിന് തയ്യാറാവുകയും ചര്‍ച്ച തത്സ്മയം പ്രക്ഷേപണം ചെയ്യുകയും ചെയ്തത് കൊണ്ട് രണ്ട് വിഭാഗങ്ങളുടെയും വാദങ്ങള്‍ നേരിട്ട് കാണാന്‍ ജനങ്ങള്‍ക്ക് സാധിക്കുകയും ചെയ്തു.

ചര്‍ച്കയില്‍ പ്രതിപക്ഷത്തെ മുന്‍ വ്യവസായ മന്ത്രി കൂടി ആയ കരീം പറയുന്നു ഈ കത്തുകള്‍ പുതിയതൊന്നുമല്ല, ഇതിന്‍ മുമ്പും ചര്‍ച്ച ചെയ്തതാണെന്ന്. പിന്നെ ഇതെങ്ങിനെ ബ്രേകിങ്ങ് ന്യൂസായി, ആ ന്യൂസിന്റെ അടിസ്ഥാനത്തില്‍ അടിയന്തിര പ്രമേയം ആവശ്യപ്പെട്ടു? സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി കോടതിയുടെ പരിഗണനയില്‍ ഉള്ളപ്പോള്‍ എന്താണ് പെട്ടെന്നൊരു സി.ബി.ഐ അന്വേഷണ ആവശ്യവും അതിന് വേണ്ടിയുള്ള ബഹളവും?

അഴിമതിക്ക് ഒരു വലിയ തെളിവായി ഉയര്‍ത്തികൊണ്ട് വന്ന കത്തുകള്‍ അനേകമാളുകള്‍ തൊഴിലെടുക്കുന്ന ഫാക്റ്ററി പൂട്ടരുതെന്നും കൂടുതല്‍ സമയം അനുവദിക്കണമെന്നും ഉള്ള കാര്യങ്ങള്‍ക്ക് വേണ്ടിയാണെന്നത് വേറൊരു തമാശ! സത്യം പറഞ്ഞാല്‍ ഈ കത്തുകള്‍ ഉമ്മന്‍ ചാണ്ടിയോടുള്ള മതിപ്പ് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. പിന്നെ ചിലവ് കുറഞ്ഞ ഒരു പദ്ധതി കൊണ്ട് തത്കാലം കാര്യം പരിഹരിക്കാം അതിന്‍ പകരം ചിലവ് കൂടിയ അല്പം അഡ്വാന്‍സ്ഡ് ആയ പദ്ധതി കൊണ്ട് വന്നു എന്നതാണ് ഇതിലെ പ്രധാന കാര്യം. അല്ലാതെ ചിലവ് കുറഞ്ഞ് നടപ്പിലാക്കാന്‍ പറ്റുന്ന അതേ പദ്ധതി ചിലവ് കൂടി നടപ്പിലാക്കി എന്നതല്ല. എങ്കിലും അതില്‍ എന്തെങ്കിലും ക്രമക്കേടുണ്ടെങ്കില്‍ അന്വേഷിക്കേണ്ടതും നടപടി എടുക്കേണ്ടതുമാണ്. പക്ഷെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് അന്വേഷണത്തില്‍ എന്തെങ്കിലും ക്രമക്കേടുള്ളതായി ഒരു രേഖ ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞിട്ടുണോ എന്ന ഉമ്മന്‍ ചാണ്ടിയുടെ ചോദ്യത്തിന്‍ അവര്‍ എന്തെങ്കിലും മറുപടി പറഞ്ഞതായും കേട്ടില്ല. അത് മാത്രമല്ല കേസ് സി.ബി.ഐ ക്ക് വിടണോ എന്ന കാര്യം കോടതിയുടെ പരിഗണനയിലുമാണ്.

ഈ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള പ്രതിപക്ഷത്തിന്റെ സമരങ്ങളും പ്രചാരണങ്ങളും ഒരു കാര്യം വ്യക്തമാക്കുന്നു - കഴിഞ്ഞ കുറേ കാലമായി നിലനില്‍കുന്നതോ, കോടതിയുടെ പരിഗണനയിലുള്ളതോ അല്ലെങ്കില്‍ ഒരു സംസ്ഥാന സര്‍ക്കരിനെ പ്രതിസന്ധിയിലാക്കാന്‍ മാത്രം പ്രാധാന്യം ഇല്ലാത്തതോ ആയ കാര്യങ്ങള്‍ ഉയര്‍ത്തി കൊണ്ട് വന്ന് ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ഈ സര്‍ക്കാര്‍ ഇതു വരെ പ്രഖ്യാപിച്ച പ്രധാന്യമര്‍ഹിക്കുന്ന പലകാര്യങ്ങളും ചെയ്യുന്നതില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിടുകയും ചെയ്യുക എന്നതാണ് പ്രതിപക്ഷം ഇപ്പോള്‍ ചെയ്യുന്നത്. ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി എത്ര ഊര്‍ജവും സമയവുമാണ് മന്ത്രിമാര്‍ക്ക് അനാവശ്യമായി ചിലവഴിക്കേണ്ടി വരുന്നത്. 

Monday, July 4, 2011

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തിന്റെ അവകാശികള്‍

തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് കണ്ടെടുത്ത 150 വര്‍ഷത്തോളം പഴക്കമുള്ള അമൂല്യമായ സ്വത്തുക്കള്‍ എന്ത് ചെയ്യണം അതിന്റെ അവകാശം ആര്‍ക്ക് എന്നൊക്കെയുള്ള ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണല്ലോ. അത് ക്ഷേത്രത്തിന്റെതാണെന്ന് ചിലര്‍, അത് നാട്ട്കാരുടെയാണെന്ന് ചിലര്‍, സര്‍ക്കാരിലേക്ക് കണ്ട് കെട്ടണമെന്ന് ചിലര്‍, പൊതുകാര്യത്തിന്‍ ഉപയോഗിക്കണമെന്ന് ചിലര്‍, മ്യൂസിയത്തില്‍ വെക്കണമെന്ന് ചിലര്‍ അങ്ങിനെ അഭിപ്രായങ്ങള്‍ പൊടിപൊടിക്കുകയാണ്. അപ്പോള്‍ എനിക്ക് തോന്നുന്നത് എനിക്കും പറയാതെ വയ്യ.

അമ്പലത്തില്‍ നിന്ന് കിട്ടിയതായത് കൊണ്ട് അത് അമ്പലത്തിന് തന്നെ എന്നതാണ് അതിന്റെ ശരി എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അത് രാജാവ് അമ്പലത്തിന് സംഭാവന നല്‍കിയതാകാം, അല്ലെങ്കില്‍ അവിടെ രഹസ്യമായി സുരക്ഷിതമായി സൂക്ഷിച്ചതാകാം. സംഭാവന നല്‍കിയതാണെങ്കില്‍ പിന്നെ അത് അമ്പലത്തിന്റെതാണെന്നതില്‍ തര്‍ക്കമുണ്ടാകേണ്ട കാര്യമില്ല.

അഥവാ സൂക്ഷിക്കാന്‍ വച്ചതാണെങ്കില്‍ അതിന്റെ അവകാശികള്‍ ആര്‍? രാജവിന്റെ അനന്തിരാവകാശികളോ അതോ രാജ്യമോ? അത് രാജ്യത്തിന്റെ സ്വത്തോ അതോ രാജാവിന്റെ വ്യക്തിഗത സ്വത്തോ? രാജാവിന്റെ സമ്പാദ്യത്തിന്റെ ഉറവിടം അന്വേഷിക്കേണ്ടി വരുമോ? ബ്ലാക് മണിയാണോ, വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ, അഴിമതി നടത്തിയിട്ടുണ്ടോ? അന്നത്തെ നിയമം എന്ത്? ഇന്നത്തെ നിയമം ഇതിന്‍ ബാധകമാകുമോ?

അത് അമ്പലത്തിന്റെതല്ല എന്നതിന് വ്യക്തമായ രേഖകളോ തെളിവോ ഇല്ലാത്തിടത്തോളം അത് ക്ഷേത്രത്തിന്റെ സ്വത്ത് തന്നെ എന്നാണ് എന്റെ അഭിപ്രായം. എനിക്കും അഭിപ്രായം പറയാലോ അല്ലെ :)

Sunday, April 24, 2011

മന്മോഹന്‍സിങ്ങിന്റെ നിലപാട് പൈശാചികം തന്നെ!

എന്ഡോസള്‍ഫാന്‍ കാര്യത്തില്‍ പ്രധാനമന്ത്രി മന്മോഹന്‍ സിങ്ങിന്റെ നിലപാട് പൈശാചികം എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി അച്യുതാനന്ദന്റെ നിലപാടിനെ അനുകൂലിക്കതിരിക്കാന്‍ വയ്യ. ആയിരങ്ങല്‍ മരിച്ച് വീണിട്ടും പതിനായിരങ്ങള്‍ അതിനെക്കാളൂം ദുരിതമനുഭവിക്കുകയും ചെയ്യുന്നത് കണ്ടിട്ടും, നിരൊധിക്കണമെന്ന മുറവിളി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും പഠിക്കണമെന്ന നിലപാടിനെ പിന്നെ എങ്ങിനെയാണ് വിശേഷിപ്പിക്കുക. അവിടുത്തെ ജനങ്ങളുടെ കഷ്ടത നമുക്ക് ടി. വിയില്‍ തന്നെ കണ്ട് നില്‍കാനാവുന്നില്ലെങ്കില്‍ അത് അനുഭവിക്കുന്നവരുടെ, ആ ദുരിതം ദിവസവും കണ്ട് ജീവിക്കുന്ന ആ പ്രദേശത്ത്കാരുടെ അവസ്ഥ എന്തായിരിക്കും എന്ന് ഊഹിക്കാന്‍ കൂടി വയ്യ.

അഴിമതികളിലൂടെ കോടികള്‍ ഖജനാവിന് നഷടപ്പെടുന്നത് കാണാതിരുന്ന അല്ലെങ്കില്‍ കണ്ടില്ലെന്ന് നടിച്ച മന്മോഹന്‍ സിങ്ങിന്റെ നിഷ്ക്രിയത തന്നെയല്ലെ ഈ വിഷയത്തിലും കാണുന്നത്. പഠിക്കാന്‍ എത്ര വര്‍ഷങ്ങള്‍ വേണം? 81 രാജ്യങ്ങള്‍ ഇത് നിരൊധിച്ചത് ഒന്നും അറിയാതെയാണോ? മറ്റ് സംസ്ഥാങ്ങളിലൊന്നും പരാതിയില്ല എന്ന് പറയുന്നതിനര്‍ഥം മറ്റ് സംസ്ഥാനങ്ങളിലും ദുരന്തം ഉണ്ടാകട്ടെ എന്നിട്ട് ആലോചിക്കാമെന്നാണോ? ഇത് പൈശാചികമല്ലെങ്കില് പിന്നെന്താണ്? മുഖ്യമന്ത്രി ഇതില്‍ രാഷ്ട്രീയം കളിച്ചു എന്ന് പരാതിപ്പെടുന്ന ചെന്നിത്തല ആണ് ഇതില്‍ രാഷ്ട്രീയം കളിക്കുന്നത്.

മുഖ്യമന്ത്രി അച്യുതാനന്ദന്‍ നടത്തുന്ന ഉപവാസ സമരത്തിനെ എന്റെ അഭിവാദ്യങ്ങള്‍.

Thursday, March 3, 2011

അച്യുതാനന്ദനും അവകാശവാദങ്ങളും

കഴിഞ്ഞ ഏതാനും മാസങ്ങളായി വന്ന പല വാര്‍ത്തകളും ഇടത് മുന്നണിക്ക് അനുകൂലമായതായിരുന്നു. അതില്‍ മിക്കതിലും അച്ചുതാനന്ദന്‍ ക്രെഡിറ്റ് അവകാശപ്പെടുകയും ചെയ്തു. ബാലകൃഷ്ണപ്പിള്ള അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലടക്കപ്പെട്ടതും ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ പുതിയ വെളിപ്പെടുത്തലുകളുണ്ടായതും സ്മാര്‍ട് സിറ്റി നടപ്പിലായതും കണ്ണൂര്‍ എയര്‍പോര്‍ട്ടിന്‍ തറക്കല്ലിട്ടതും തുടങ്ങി ഒത്തിരി വാര്‍ത്തകള്‍. അവസാനം സി.വി.സി പി.ജെ തോമസിന്റെ നിയമനം സുപ്രീം കോടതി നിയമവിരുദ്ധമാക്കിയതിന്റെ ക്രെഡിറ്റ് കൂടി അച്ചുതാനന്ദന്‍ അവകാശപ്പെടുകയുണ്ടായി.

പക്ഷെ അഴിമതിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച, പൊതുപ്രവര്‍ത്തനം രംഗം ശുദ്ധീകരിക്കാന്‍ ഇറങ്ങിത്തിരിച്ച അല്ലെന്ങ്കില്‍ അങ്ങിനെയൊരു ഇമേജ് സ്വയമായൊ മാദ്ധ്യമ സൃഷ്ടിയായോ ഉണ്ടാക്കിയെടുത്തിട്ടുള്ള അച്ചുതാനന്ദനും പൂര്‍ണമായും ക്ലീനല്ല എന്നതാണ് ഈയിടെ ഇറങ്ങിയ മറ്റു ചില ന്യൂസുകള്‍ സൂക്ജിപ്പിക്കുന്നത്.

പെണ്‍-വാണിഭക്കാരെ കയ്യാമം വെച്ച് നടത്തിക്കുമെന്നും അഴിമതിക്കാരെ തുറുങ്കിലടക്കുമെന്നുമുള്ള അച്ച്യുതാനന്തന്റെ കഴിഞ്ഞ ഇലക്ഷന് മുമ്പുള്ള വഗ്ദാനങ്ങള്‍ പ്രശസ്തമാണ്. ഈ ഭരണത്തിനെ അവാസാന കാലങ്ങളിലും അദ്ധേഹം അത് ആവര്‍ത്തിക്കുകയുണ്ടായി. അതിന് ഒരു അഞ്ചുവര്‍ഷം കൂടി തരൂ എന്നാണോ അദ്ധേഹം ഉദ്ധേശിച്ചതെന്ന് വ്യക്തമല്ല.

മുഖ്യമന്ത്രിയായി ഇരുന്നു അഞ്ചുവര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അദ്ധേഹം ഈ അവകാശവാദത്തില്‍ എന്തെങ്കിലും ചെയ്തോ എന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും. ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉണ്ടായ വെളിപ്പെടുത്തലുകളില്‍ അച്ചുതാനന്ദന് എന്തെങ്കിലും പങ്കുണ്ടെങ്കില്‍ അത് ആ സ്ഥാനത്തിന്‍ യോജിച്ച നിയമപരമായ നടപടിയായിരുന്നില്ല. മറിച്ച് അതിനെ ആത്മാര്‍ഥതയില്ലാത്ത രാഷ്ട്രീയ നാടകമായി മാത്രമായി മാത്രമേ കാണാന്‍ കഴിയൂ. കിളിരൂര്‍ കേസില്‍ ആണെങ്കില്‍ ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല, തന്റെ വാദങ്ങളില്‍ നിന്ന് പിറകോട്ട് പോകുകയാണ് അദ്ധേഹം ചെയ്തത്. ബാലകൃഷണപ്പിള്ളയുടെ കാര്യത്തില്‍ ആ കേസ് നടത്തുന്നതില്‍ അദ്ധേഹം വഹിച്ച പങ്കിനെ അഭിനന്ദിക്കുന്നെങ്കിലും അത് മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ടുള്ള ഒരു നടപടിയായി കാണാന്‍ കഴിയില്ല. ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിചാരണ ചെയ്യുന്നതിനെതിരെ ഗവര്‍ണര്‍ക് ശിപാര്‍ശ കൊടുത്തത് അച്ചുദാനന്ദന്‍ സര്‍ക്കാരാണ്. സി.വി.സി പി.ജെ തോമസിന്റെ നിയമനം സുപ്രീം കോടതി നിയമവിരുദ്ധമാക്കിയതിന്റെ ക്രെഡിറ്റ് അവകാശപ്പെടുന്നുണ്ടെങ്കിലും അച്ചുതാനന്ദന്‍ സര്‍ക്കാരാണ് അദ്ധേഹത്തിന് 2007-ല്‍ ചീഫ് സെക്രട്ടറിയായി സ്ഥാനകയറ്റം നല്‍കിയതും അതാണ് കേന്ദ്ര സര്‍വീസിലേക്ക് ഡെപ്യൂട്ടേഷന്‍ കിട്ടാന്‍ കാരണമായതെന്നും പറയപ്പെടുന്നുണ്ട്. അദ്ധെഹം അഴിമതിക്കേസില്‍ കുറ്റാരോപിതാനാണെന്ന കാര്യം കേരള സര്‍ക്കാര്‍ മറച്ച് വെച്ച് കേന്ദ്രത്തെ തെറ്റിദ്ധരിപ്പിച്ചു എന്നും പറയപ്പെടുന്നു.

പ്രമാദമായ ലോട്ടാറി കേസുകള്‍ ഉള്‍പ്പെടെ പല കേസുകളിലും അച്ചുതാനന്ദന്റെ മകനെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. പല കേസുകളിലും ജുഡീഷല്‍ കമ്മീഷണുകളേയും ജഡ്ജിമാരെയും ഒക്കെ സ്വാധീനിക്കാന്‍ അച്ചുതാനന്ദന്‍ ശ്രമിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ സംരഭമായിരുന്ന സി-ഡാറ്റിനെ തുഛവിലയ്ക്ക് റിലയന്‍സിന് കൈമാറിയതിലും അച്യുതാനന്ദന് പങ്കുണ്ടെന്നാണ് ഇപ്പോള്‍ ഉയര്‍ന്ന് വരുന്ന പുതിയ ആരോപണം. അച്യുതാനന്ദന് കോറ്പറേറ്റ് ഇടനിലക്കാരന്‍ നന്ദകുമാറുമായിട്ടുള്ള ബന്ധവും നന്ദകുമാറിന് സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും ജസ്റ്റിസുമാരുമായുമുള്ള ബന്ദവും ആരോപണ വിധേയമായിട്ടുണ്ട്.

അച്യുതാനന്ദന് എതിരേ ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങളും അധികാരത്തില്‍ വരുന്നതിന്‍ മുമ്പ് അദ്ധേഹം നടത്തിയ അഴിമതിക്കെതിരേയും, സ്ത്രീപീഡനങ്ങള്‍ക്കെതിരെയും നടപടിയെടുക്കുമെന്ന വാഗ്ദാനത്തില്‍ അഞ്ച് വര്‍ഷം മുഖ്യമന്ത്രിയായിട്ടും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നതും ഇനിയൊരു മുഖ്യമന്ത്രിയാകാന്‍ അദ്ധേഹത്തിന് യോഗ്യതയില്ലെന്ന് തന്നെയാണ് വെളിപ്പെടുത്തുന്നത്.