Monday, October 31, 2011

ഇത് അധികാര ദുര്‍വിനിയോഗം

അനേകം അഴിമതി ആരോപണങ്ങള്‍ കേരളം കണ്ടിട്ടൂണ്ട്. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അവയെല്ലാം അന്വേഷണത്തിലോ കോടതിയുടെ പരിഗണനയിലോ ആയി കിടപ്പാണ്. രാഷ്ട്രീയക്കാര്‍ ഉള്‍പെട്ട ഇത്തരം കേസുകളില്‍ ആരും ശിക്ഷിക്കപ്പെടാത്തത് ഇവിടുത്തെ നിയമവ്യവസ്ഥയില്‍ തന്നെ വിശ്വാസം നഷ്ടപ്പെടുത്തുന്ന തലത്തില്‍ എത്തിയിരിക്കുന്നു. രാഷ്ട്രീയക്കാര്‍ എന്ത് ചെയ്താലും ശിക്ഷിക്കപ്പെടില്ല എന്ന ഒരു പൊതുധാരണ ജനങ്ങളില്‍ വേരൊടിയതാണ്. 

എന്നാല്‍ ആദ്യമായി, ഒരു കേസില്‍ ഒരു പ്രമുഖനായ രാഷ്ട്രീയ നേതാവ് ശിക്ഷിക്കപ്പെട്ട് ജയിലിലാവുന്നതാണ് നാം കാണുന്നത് ബാലകൃഷണ പിള്ളയുടെ കേസിലാണ്. രണ്ട് പതിറ്റാണ്ടുകളിലധികം നീണ്ട നിയമ നടപടിക്കൊടുവില്‍ സുപ്രീം കോടതിയാണ് അദ്ധേഹത്തെ ഒരു വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചത്! പക്ഷെ പിന്നീട് നാം കാണുന്നത് രാഷ്ട്രീയ ഇടപെടല്‍ ഈ  കോടതി വിധിയെ അട്ടിമറിക്കുന്നതാണ്. രാഷ്ട്രീയക്കാര്‍ ശിക്ഷിക്കപ്പെടില്ല അവര്‍ എങ്ങിനെയും ഊരിപ്പോകും എന്ന ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുന്ന നടപടികളാണ് പിന്നീടുണ്ടായത്.

ഇപ്പോള്‍ കേരള പിറവി ദിനത്തോടനുബന്ധിച്ച് ശിക്ഷാ കാലയളവില്‍ ഇളവു നല്‍കി ഉമ്മന്‍ ചാണ്ടി യുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ അദ്ധേഹത്തെ വിട്ടയക്കുകയാണ്. അതിന്‍ അവര്‍ക്ക് റൂളുകള്‍ ഉണ്ടായിരിക്കാം. ഭരിക്കുന്ന മുന്നണിയിലെ ഒരു പാര്‍ട്ടിയുടെ നേതാവും, ഒരു മന്ത്രിയുടെ പിതാവും ആണ് അദ്ധേഹം. അങ്ങിനെയുള്ള ഒരാളെ സര്‍ക്കാര്‍ ശിക്ഷാ ഇളവ് നല്‍കി വിട്ടയുക്കുന്നതില്‍ എന്ത് ധാര്‍മികതയാണുള്ളത്! അതില്‍ എന്ത് സത്യസന്ധതയാണുള്ളത്? ഇത് വ്യക്തമായ അധികാര ദുര്‍വിനിയോഗമല്ലെങ്കില്‍ പിന്നെ എന്താണ്? ഇത് നിയമത്തിനെതിരേ ഉള്ള പരസ്യമായ വെല്ലുവിളിയാണ്. ഇതിനാണോ ജനങ്ങള്‍ വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ചത്?

രാഷ്ട്രീയക്കാര്‍ അഴിമതികേസില്‍ രാഷ്ട്രീയ നേതാവിന് വേണ്ടി പരസ്യമായി നിയമത്തെ വെല്ലുവിളിക്കുന്നത് ഇതിന് മുമ്പ് നാം കണ്ടത് ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്‍ വേണ്ടിയാണ്. പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയെ പോലും വെല്ലുവിളിച്ച് ഗവര്‍ണര്‍ക്കെതിരെ പോലും സമരം പ്രഖ്യാപിച്ചു. 

ഇതെല്ലാം കൊണ്ട്ചെന്നെത്തിക്കുന്നത എല്ലാ രാഷ്ട്രീയകരും ഒരു പോലെയാണ്, അവര്‍ എല്ലാവരും കള്ളന്മാരും അവസരവാദികളും ആണെന്ന ഒരു സാധാരണക്കാരന്റെ ധാരണ അരക്കിട്ടുറപ്പിക്കുന്നതിലും രാഷ്ട്രീയ സംവിധാനത്തിന്റെ മൊത്തം വിശ്വാ‍സ്യത നഷ്ടപ്പെടുത്തുന്നതിലുമാണ്.

Tuesday, October 25, 2011

പ്രതിപക്ഷ ലക്ഷ്യം ഭരണം മുടക്കലോ?

‘ഉമ്മന്‍ ചാണ്ടി അയച്ച രണ്ട് കത്തുകള്‍ പുറത്തായി, ഉമ്മന്‍ ചാണ്ടി അനാവശ്യ ധൃതി കാട്ടി, കോടികളുടെ അഴിമതി‘ - മാധ്യമങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ട് ആയി ബ്രേകിങ്ങ് ന്യൂസ് ആയി കൊട്ടിഘോഷിച്ച് പുറത്ത് വരുന്നു. അതിന്റെ പേരില്‍ പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കുന്നു, മുഖ്യമന്ത്രി രാജി വെക്കണമെന്ന് ആവശ്യപെടുന്നു, സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നു. സര്‍ക്കാര്‍ അടിയന്തിര പ്രമേയത്തിന് തയ്യാറാവുകയും ചര്‍ച്ച തത്സ്മയം പ്രക്ഷേപണം ചെയ്യുകയും ചെയ്തത് കൊണ്ട് രണ്ട് വിഭാഗങ്ങളുടെയും വാദങ്ങള്‍ നേരിട്ട് കാണാന്‍ ജനങ്ങള്‍ക്ക് സാധിക്കുകയും ചെയ്തു.

ചര്‍ച്കയില്‍ പ്രതിപക്ഷത്തെ മുന്‍ വ്യവസായ മന്ത്രി കൂടി ആയ കരീം പറയുന്നു ഈ കത്തുകള്‍ പുതിയതൊന്നുമല്ല, ഇതിന്‍ മുമ്പും ചര്‍ച്ച ചെയ്തതാണെന്ന്. പിന്നെ ഇതെങ്ങിനെ ബ്രേകിങ്ങ് ന്യൂസായി, ആ ന്യൂസിന്റെ അടിസ്ഥാനത്തില്‍ അടിയന്തിര പ്രമേയം ആവശ്യപ്പെട്ടു? സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി കോടതിയുടെ പരിഗണനയില്‍ ഉള്ളപ്പോള്‍ എന്താണ് പെട്ടെന്നൊരു സി.ബി.ഐ അന്വേഷണ ആവശ്യവും അതിന് വേണ്ടിയുള്ള ബഹളവും?

അഴിമതിക്ക് ഒരു വലിയ തെളിവായി ഉയര്‍ത്തികൊണ്ട് വന്ന കത്തുകള്‍ അനേകമാളുകള്‍ തൊഴിലെടുക്കുന്ന ഫാക്റ്ററി പൂട്ടരുതെന്നും കൂടുതല്‍ സമയം അനുവദിക്കണമെന്നും ഉള്ള കാര്യങ്ങള്‍ക്ക് വേണ്ടിയാണെന്നത് വേറൊരു തമാശ! സത്യം പറഞ്ഞാല്‍ ഈ കത്തുകള്‍ ഉമ്മന്‍ ചാണ്ടിയോടുള്ള മതിപ്പ് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. പിന്നെ ചിലവ് കുറഞ്ഞ ഒരു പദ്ധതി കൊണ്ട് തത്കാലം കാര്യം പരിഹരിക്കാം അതിന്‍ പകരം ചിലവ് കൂടിയ അല്പം അഡ്വാന്‍സ്ഡ് ആയ പദ്ധതി കൊണ്ട് വന്നു എന്നതാണ് ഇതിലെ പ്രധാന കാര്യം. അല്ലാതെ ചിലവ് കുറഞ്ഞ് നടപ്പിലാക്കാന്‍ പറ്റുന്ന അതേ പദ്ധതി ചിലവ് കൂടി നടപ്പിലാക്കി എന്നതല്ല. എങ്കിലും അതില്‍ എന്തെങ്കിലും ക്രമക്കേടുണ്ടെങ്കില്‍ അന്വേഷിക്കേണ്ടതും നടപടി എടുക്കേണ്ടതുമാണ്. പക്ഷെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് അന്വേഷണത്തില്‍ എന്തെങ്കിലും ക്രമക്കേടുള്ളതായി ഒരു രേഖ ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞിട്ടുണോ എന്ന ഉമ്മന്‍ ചാണ്ടിയുടെ ചോദ്യത്തിന്‍ അവര്‍ എന്തെങ്കിലും മറുപടി പറഞ്ഞതായും കേട്ടില്ല. അത് മാത്രമല്ല കേസ് സി.ബി.ഐ ക്ക് വിടണോ എന്ന കാര്യം കോടതിയുടെ പരിഗണനയിലുമാണ്.

ഈ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള പ്രതിപക്ഷത്തിന്റെ സമരങ്ങളും പ്രചാരണങ്ങളും ഒരു കാര്യം വ്യക്തമാക്കുന്നു - കഴിഞ്ഞ കുറേ കാലമായി നിലനില്‍കുന്നതോ, കോടതിയുടെ പരിഗണനയിലുള്ളതോ അല്ലെങ്കില്‍ ഒരു സംസ്ഥാന സര്‍ക്കരിനെ പ്രതിസന്ധിയിലാക്കാന്‍ മാത്രം പ്രാധാന്യം ഇല്ലാത്തതോ ആയ കാര്യങ്ങള്‍ ഉയര്‍ത്തി കൊണ്ട് വന്ന് ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ഈ സര്‍ക്കാര്‍ ഇതു വരെ പ്രഖ്യാപിച്ച പ്രധാന്യമര്‍ഹിക്കുന്ന പലകാര്യങ്ങളും ചെയ്യുന്നതില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിടുകയും ചെയ്യുക എന്നതാണ് പ്രതിപക്ഷം ഇപ്പോള്‍ ചെയ്യുന്നത്. ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി എത്ര ഊര്‍ജവും സമയവുമാണ് മന്ത്രിമാര്‍ക്ക് അനാവശ്യമായി ചിലവഴിക്കേണ്ടി വരുന്നത്.