Monday, October 31, 2011

ഇത് അധികാര ദുര്‍വിനിയോഗം

അനേകം അഴിമതി ആരോപണങ്ങള്‍ കേരളം കണ്ടിട്ടൂണ്ട്. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അവയെല്ലാം അന്വേഷണത്തിലോ കോടതിയുടെ പരിഗണനയിലോ ആയി കിടപ്പാണ്. രാഷ്ട്രീയക്കാര്‍ ഉള്‍പെട്ട ഇത്തരം കേസുകളില്‍ ആരും ശിക്ഷിക്കപ്പെടാത്തത് ഇവിടുത്തെ നിയമവ്യവസ്ഥയില്‍ തന്നെ വിശ്വാസം നഷ്ടപ്പെടുത്തുന്ന തലത്തില്‍ എത്തിയിരിക്കുന്നു. രാഷ്ട്രീയക്കാര്‍ എന്ത് ചെയ്താലും ശിക്ഷിക്കപ്പെടില്ല എന്ന ഒരു പൊതുധാരണ ജനങ്ങളില്‍ വേരൊടിയതാണ്. 

എന്നാല്‍ ആദ്യമായി, ഒരു കേസില്‍ ഒരു പ്രമുഖനായ രാഷ്ട്രീയ നേതാവ് ശിക്ഷിക്കപ്പെട്ട് ജയിലിലാവുന്നതാണ് നാം കാണുന്നത് ബാലകൃഷണ പിള്ളയുടെ കേസിലാണ്. രണ്ട് പതിറ്റാണ്ടുകളിലധികം നീണ്ട നിയമ നടപടിക്കൊടുവില്‍ സുപ്രീം കോടതിയാണ് അദ്ധേഹത്തെ ഒരു വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചത്! പക്ഷെ പിന്നീട് നാം കാണുന്നത് രാഷ്ട്രീയ ഇടപെടല്‍ ഈ  കോടതി വിധിയെ അട്ടിമറിക്കുന്നതാണ്. രാഷ്ട്രീയക്കാര്‍ ശിക്ഷിക്കപ്പെടില്ല അവര്‍ എങ്ങിനെയും ഊരിപ്പോകും എന്ന ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുന്ന നടപടികളാണ് പിന്നീടുണ്ടായത്.

ഇപ്പോള്‍ കേരള പിറവി ദിനത്തോടനുബന്ധിച്ച് ശിക്ഷാ കാലയളവില്‍ ഇളവു നല്‍കി ഉമ്മന്‍ ചാണ്ടി യുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ അദ്ധേഹത്തെ വിട്ടയക്കുകയാണ്. അതിന്‍ അവര്‍ക്ക് റൂളുകള്‍ ഉണ്ടായിരിക്കാം. ഭരിക്കുന്ന മുന്നണിയിലെ ഒരു പാര്‍ട്ടിയുടെ നേതാവും, ഒരു മന്ത്രിയുടെ പിതാവും ആണ് അദ്ധേഹം. അങ്ങിനെയുള്ള ഒരാളെ സര്‍ക്കാര്‍ ശിക്ഷാ ഇളവ് നല്‍കി വിട്ടയുക്കുന്നതില്‍ എന്ത് ധാര്‍മികതയാണുള്ളത്! അതില്‍ എന്ത് സത്യസന്ധതയാണുള്ളത്? ഇത് വ്യക്തമായ അധികാര ദുര്‍വിനിയോഗമല്ലെങ്കില്‍ പിന്നെ എന്താണ്? ഇത് നിയമത്തിനെതിരേ ഉള്ള പരസ്യമായ വെല്ലുവിളിയാണ്. ഇതിനാണോ ജനങ്ങള്‍ വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ചത്?

രാഷ്ട്രീയക്കാര്‍ അഴിമതികേസില്‍ രാഷ്ട്രീയ നേതാവിന് വേണ്ടി പരസ്യമായി നിയമത്തെ വെല്ലുവിളിക്കുന്നത് ഇതിന് മുമ്പ് നാം കണ്ടത് ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്‍ വേണ്ടിയാണ്. പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയെ പോലും വെല്ലുവിളിച്ച് ഗവര്‍ണര്‍ക്കെതിരെ പോലും സമരം പ്രഖ്യാപിച്ചു. 

ഇതെല്ലാം കൊണ്ട്ചെന്നെത്തിക്കുന്നത എല്ലാ രാഷ്ട്രീയകരും ഒരു പോലെയാണ്, അവര്‍ എല്ലാവരും കള്ളന്മാരും അവസരവാദികളും ആണെന്ന ഒരു സാധാരണക്കാരന്റെ ധാരണ അരക്കിട്ടുറപ്പിക്കുന്നതിലും രാഷ്ട്രീയ സംവിധാനത്തിന്റെ മൊത്തം വിശ്വാ‍സ്യത നഷ്ടപ്പെടുത്തുന്നതിലുമാണ്.

1 comment:

  1. ഞാനും ഇത് വായിച്ചിരിക്കുന്നു.

    ഒപ്പ്
    ശുഐബ്.

    അത് കൊണ്ട് തന്നെ പ്രത്തിപക്ഷ ലക്ഷ്യം ഭരണം മുടക്കലല്ല എന്ന് മനസ്സിലായിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു..

    ReplyDelete